തൃശൂർ: കേരളത്തിലെ ആദ്യ വനിതാ മ്യൂസിക് ബാൻഡായ യൂഫോണിക്കിലെ മിന്നും താരം ദീപ്തയ്ക്ക് സംസ്ഥാന കലോത്സവത്തിൽ തുടർച്ചായ നാലാം വർഷവും വയലിനിൽ എ ഗ്രേഡ്. കലോത്സവ വേദികളിൽ കണ്ടു മുട്ടുകയും കൂട്ടുകാരാവുകയും ചെയ്ത ദീപ്ത ഉൾപ്പെടെ ആറു സ്കൂൾ വിദ്യാർഥിനികൾ ചേർന്നാണ് 2024 ൽ യൂഫോണിക്ക് ബാൻഡിനു രൂപം നൽകിയത്.
പഠനത്തിനടയിൽ ഇതിനോടകം കേരളത്തിനകത്തും പുറത്തും 25 ലേറെ വേദികളിൽ പരിപാടി അവതരിപ്പിച്ച ഈ കലാകാരികൾ ഇൻസ്റ്റഗ്രാമിലെയും ട്രെൻഡിംഗ് താരങ്ങളാണ്. യൂഫോണിക്കിൻ്റെ പിറവിക്കു പിന്നാലെ അഡ്ര പ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൾ വുമൺ മ്യൂസിക് ബാൻഡായ 'നാരീഗമ' യിലെ ലീഡ് വയലിനിസ്റ്റായും ദീപ്ത തെരഞ്ഞെടുക്കപ്പെട്ടു.
പഠനത്തിനൊപ്പം സംഗീതത്തിലും വലിയ സ്വപ്നങ്ങൾ കാണുന്ന ഈ മിടുക്കി ഇക്കുറി കലോത്സവ വേദിയിൽ എച്ച്എസ്എസ് വയലിൻ(വെസ്റ്റേറ്റേൺ)നു പുറമെ വൃന്ദവാദ്യം, ഇംഗ്ലീഷ് പദ്യപാരായണം എന്നീ ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്. കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ എ.ആർ. ദീപ്ത കക്കോട് കാസറോസ വില്ലയിൽ കെ.എൽ. അനീഷ് - രാഖി ദമ്പതികളുടെ മകളാണ്.